വാഷിങ്ടണ്‍: ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച 8 യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരേ തീരുവ ചുമത്തുന്നതില്‍ നിന്നും അമെരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറി.
സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോയുടെ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പിന്മാറ്റം.
മാര്‍ക്കുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായെന്ന് ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഡെന്മാര്ക്കിന്റെ അര്‍ധ സ്വയംഭരണ പ്രദേശമായ ഗ്രീന്ലാന്ഡിന്മേലുള്ള അമെരിക്കന്‍ നിയന്ത്രണത്തോടുള്ള എതിര്‍പ്പ് മൂലം 8 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് ഫെബ്രുവരി 1 മുതല്‍ പത്ത് ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. ഗ്രീന്‍ലാന്‍ഡ് അമെരിക്കയുടെ ഭാഗമാകുന്ന കരാര്‍ തീരുമാനമാകാത്ത പക്ഷം ജൂണ്‍ ഒന്നു മുതല്‍ നികുതി 25 ശതമാനമായി ഉയര്‍ത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.

Comments: